മഹേശ്വരം ശ്രീ ശിവപാര്‍വ്വതി ക്ഷേത്ര ചരിത്രം History in English

ക്ഷേത്രത്തിന്‍ടെ ഉല്‍പത്തിക്ക് ഏകദേശം 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രഹ്മജ്ഞനായ ഒരു സ്വാമിജിയുടെ സമാധി ഈ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും വര്‍ഷങ്ങള്‍ക്കുശേഷം ബ്രാഹ്മണാചാര്യന്മാര്‍ സമാധിസ്ഥലത്ത് ശിവന്‍, പാര്‍വ്വതി, ഗണപതി, മുരുകന്‍ എന്നീ ദേവതകളെ ആചാരാവിധിപ്രകാരം പ്രതിഷ്ഠിച്ച് പൂജാദി കര്‍മ്മങ്ങള്‍ നടത്തിവന്നിരുന്നുവെന്നും പ്രശ്‌നവിധിയില്‍ തെളിഞ്ഞു. കാലാന്തരത്തില്‍ പ്രകൃതിക്ഷോഭം മൂലം ക്ഷേത്രസമുച്ചയം മണ്ണിനടിയില്‍പ്പെട്ട് നശിച്ചതായും തെളിയുന്നു. ഈ സ്ഥലത്താണ് സ്വാമിജിയുടെ ജനനം. സമാധിസ്ഥനായ സ്വാമിജിയുടെ പുനര്‍ജന്മമാണ് 'മഹേശ്വരാനന്ദ സരസ്വതികള്‍' എന്ന് ദേവപ്രശ്‌നത്തില്‍ തെളിയുന്നു.

സ്വാമിജിയുടെ മൂന്നാം വയസ്സുമുതല്‍ പൂജാദികര്‍മ്മങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയും വീടിന്‍ടെ കന്നിമുറിയില്‍ ധ്യാന നിഷ്ഠനായിരിക്കുകയും പതിവായിരുന്നു. ഇങ്ങനെ പതിവായിരുന്ന സ്ഥലത്ത് പുറ്റ് വളരുവാന്‍ തുടങ്ങുകയും, ഭയപ്പെട്ട വീട്ടുകാര്‍ അത് നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം പുറ്റ് ആദ്യത്തേതിനെക്കാള്‍ കൂടുതല്‍ വളരുകയും കുട്ടി പുറ്റിനരുകില്‍ ഇരിക്കുന്നത് പതിവാക്കുകയും ചെയ്തു. പുറ്റ് നശിപ്പിക്കുന്തോറും കൂടുതല്‍ കൂടുതല്‍ വലുതായി വളരുകയാണ് ചെയ്തത്. അങ്ങനെ വീട്ടുകാരും നാട്ടുകാരും മാസങ്ങളോളം പുറ്റ് നശിപ്പിച്ചുവെങ്കിലും പിന്നിട് പുറ്റ് ശിവശക്തി രൂപത്തില്‍ വളരാന്‍ തുടങ്ങി. പുറത്തുനിന്നും വീട്ടില്‍ എത്തിയ ഒരു വ്യക്തി പുറ്റിനെ നശിപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പുറ്റില്‍ നിന്നും ഒരു സര്‍പ്പം പ്രത്യക്ഷപ്പെട്ടു. അന്നുമുതല്‍ പുറ്റിനെ നശിപ്പിക്കാതെ കൂട്ടി പറയുന്ന പ്രകാരം പൂജാസാധനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായി. പുറ്റിരുന്ന സ്ഥലത്ത് കുട്ടി പൂജാദികര്‍മ്മങ്ങള്‍ നടത്താന്‍ തുടങ്ങി. ഇതറിഞ്ഞ് പല പ്രദേശങ്ങളില്‍ നിന്നും രോഗദുരിതബാധിതര്‍ വരികയും അവര്‍ക്കെല്ലാം ശാന്തി ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പുറ്റ് വളര്‍ന്ന‍ സ്ഥലത്ത് ഒരു തെക്കത് നിര്‍മ്മിച്ചു. നാനാമതവിശ്വാസികള്‍ ആരാധനയില്‍ പങ്കെടുക്കുകയും പൊങ്കാല ഇടുകയും പതിവായി. ഇങ്ങനെ പടിപടിയായി വളര്‍ച്ച കൈവരിക്കുകയും ഭക്തജനങ്ങളുടെ സഹായസഹകരണത്തോടെ 1161 മിഥുനം 30ന് തെക്കത് ഇരുന്ന‍ സ്ഥലത്ത് ശിവശക്തി ക്ഷേത്ര സമുച്ചയം പണിത് പ്രതിഷ്ഠ നടത്തി പൂജാദികര്‍മ്മങ്ങള്‍ നടത്തിവുന്നു.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക്‌ശേഷം 1186 കുംഭം 9-ാം തീയതി സ്വാമിജിക്ക് ഭഗവാന്‍ടെ ദിവ്യദര്‍ശനം ഉണ്ടാവുകയും ക്ഷേത്രത്തിന്‍ടെ ന്യൂനതകള്‍ പരിഹരിക്കണമെന്ന് അരുള്‍ ചെയ്യുകയും ചെയ്തു. അതിന്‍ പ്രകാരം ഋഷീശ്വരന്മാര്‍ രൂപകല്‍പന ചെയ്ത വാസ്തുശാസ്ത്രവിധിപ്രകാരം 1187 കുംഭം 9-ാം തീയതി മുതല്‍ പുനര്‍നിര്‍മ്മാണ പണികള്‍ ആരംഭിച്ചു. 1187 കുംഭം 21ന് (05.03.2012) ബാലാലയ പ്രതിഷ്ഠ നടത്തുകയും, 1187 മീനം 10ന് (23.03.2012) ശിലാന്യാസം നടത്തുകയും ചെയ്തു. 1187 മേടം 20ന് (03.05.2012) ഷഠാധാര പ്രതിഷ്ഠ നടത്തുകയും, തുടര്‍ന്ന് 1187 മിഥുനം 7 ന് (21.06.2012) ഗര്‍ഭന്യാസം നടത്തുകയും, 1187 മിഥുനം 17-ാം തീയതി (21.06.2012) കട്ടള വയ്പും, 1188 വൃശ്ചികം 29ന് (14.12.2013) ഉത്തരം വയ്പും, 1189 ധനു 19 ന് (03.01.2014) ചെമ്പോല സമര്‍പ്പണവും നടക്കുകയുണ്ടായി. അതോടൊപ്പം കൊടിമരത്തിന്‍ടെ നിര്‍മ്മാണത്തിനുള്ള പണികളും ആരംഭിച്ചു. 1189 മകരം 26ന് (08.02.2014) രാവിലെ 8 മണിയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ധ്വജവൃക്ഷപരിഗ്രഹണത്തിന് അച്ചന്‍കോവില്‍ നടയില്‍ നിന്നും ബഹു: കേരള സര്‍ക്കാര്‍ അനുവദിച്ചുത തേക്കുമരം നിലംതൊടാതെ മുറിച്ചിറക്കി പണികള്‍ ആരംഭിച്ചു. 1189 മിഥുനം 30ന് (14.07.2014) ചുറ്റമ്പലത്തിന്‍ടെ ഉത്തരം വയ്പ് നടത്തി. 1190 തുലാം 27ന് വിധിപ്രകാരം പണിത തേക്കുമരം മരുന്നുകൂട്ടുകളാല്‍ തയ്യാറാക്കിയ തൈലത്തോണിയില്‍ തൈലാധിവാസം ചെയ്തു. 1190 മേടം 9ന് (23.04.2015) തിരുവാതിര നക്ഷത്രത്തില്‍ വിധിപ്രകാരം ഉമാമഹേശ്വരന്‍ടെ പഞ്ചലോഹ വിഗ്രഹം നിര്‍മ്മിച്ചു. 1191 മകരം 7ന് (21.01.2016) കൊടിമരം യഥാസ്ഥാനത്ത് നാട്ടുകയും, 1192 മിഥുനമാസം 2ന് (16.06.2016) താഴികക്കുടം സമര്‍പ്പിക്കുകയും ചെയ്തു.

ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ മഹാമഹവും കുംഭാഭിഷേകവും 1192 മകരം 24-ാം തീയതി (06.02.2017) തിങ്കളാഴ്ച രാവിലെ 9ന് മേല്‍ 10 മണിക്കകമുള്ള ശുഭമുഹൂര്‍ത്തത്തില്‍ ബ്രഹ്മശ്രീ ദേവനാരായണന്‍ തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നു.